1 കർത്താവെയെന്റെ പാർത്തല വാസം
ചിത്ത ദു:ഖത്തോടാകുന്നെ
നിത്യമോരോ പരീക്ഷകളാൽ ഞാൻ
അത്തലോടെ വസിക്കുന്നെ
2 ശത്രുയെന്നെയടിമയാക്കുവാൻ
എത്തുന്നോടിയെൻ പിന്നാലെ
യാത്ര ചെയ്യും പഥി പ്രതിബന്ധി
ച്ചീടുന്നെ മഹാ ചെങ്കടൽ
3 മന്ന തിന്നു മുഷിച്ചിൽ തോന്നുന്നു
എന്നനുഗാമികൾ ചിലർ
മന്നായേക്കാളും കുമ്മട്ടിക്കായ്കൾ
നന്നെന്നു ചിലർ ചൊല്ലുന്നു
4 മാറായിൻ ജലം പാനം ചെയ്തുള്ളം
നീറുന്നെ കയ്പാധിക്യത്താൽ
കൂട്ടുയാത്രക്കാരീ പഥി തന്നിൽ
പട്ടു വീഴുന്നസംഖ്യയായ്
5 അഗ്നി സർപ്പത്തിൻ ചീറ്റൽ കേട്ടു ഞാൻ
ഭഗ്നാശയനായ് തീരുന്നെ
മുന്നണി തന്നിൽ നിന്നവർ ചിലർ
മന്ദിച്ചും പിന്നിലാകുന്നെ
6 ക്ഷീണം നോക്കി നിൽക്കുന്നമാലേക്യർ
പ്രാണഹാനി വരുത്തുവാൻ
നേതൃത്വം വഹിക്കുന്ന-ഹരോനൊ
കാളയെ പ്രതിഷ്ഠിക്കുന്നു
7 കാളയെ വന്ദിക്കുന്ന കാഹളം
പാളയത്തിൽ മുഴങ്ങുന്നു
ലോക ദു:ഖങ്ങളാലെന്നുള്ളത്തി
ന്നാകുലങ്ങൾ വന്നിടുന്നു
8 രോഗ ബാധയാലെൻ സുഖമെല്ലാം
ത്യാഗം ചെയ്യുന്നനുദിനം
വെള്ളത്തിലുമാ തീയിലും കൂടി
യുള്ളയാത്ര ഞാൻ ചെയ്യുന്നു
9 മുള്ളും കല്ലുകളുള്ള മാർഗ്ഗമാ
ണുള്ളതെന്നുടെ യാത്രയിൽ
യാത്ര ചെയ്തീടും വിശ്വാസ കപ്പൽ
മാത്രകൊണ്ടുടഞ്ഞിടുമൊ
9 ഊറ്റമായുള്ള കാറ്റുതി വഴി
മാറ്റുവാൻ ശ്രമിച്ചിടുന്നെ
കായ ക്ലേശമാം ഗദസമന
ആയതിൽ എരിയുന്നു ഞാൻ
11 ഈയവസ്ഥയിൽ നിന്നുദ്ധാരണം
ആയതുനിന്നാൽ മാത്രമെ
നിന്നെക്കാണുമ്പോഴെന്നാമയങ്ങ്
ളൊന്നാകെയൊഴിഞ്ഞീടുമെ
12 ഗാത്രത്തിൻ വീണ്ടെടുപ്പാകുന്നൊരു
പുത്രത്വം കൊതിയ്ക്കുന്നു ഞാൻ
നിന്നെക്കാണുമ്പോൾ നിന്നെപ്പോലാകും
എന്നു തന്നെയെൻ പ്രത്യാശ
13 പ്രാണൻ തന്നെന്നെ ത്രാണനം ചെയ്ത
പ്രാണ നായകനേശുവെ
കാണുവാനുള്ളാരാർത്തി മാത്രമ
താണെനിയ്ക്കുള്ളാരാശ്വാസം
14 കാഹള ധ്വനി കേൾപ്പാനേറ്റവും
ദാഹമുണ്ടെനിക്കേശുവെ
വേഗമായതുതിടുവാനാജ്ഞ
നൽകണെ ദൂതർക്കേശുവെ
കർത്തനെ ഇപ്പകലിലെന്നെ : എന്ന രീതി