കണ്ണുനീരിൽ കൈവിടാത്ത കർത്താവുണ്ട്
ഉള്ളുരുകി കരയുമ്പോൾ താൻ ചാരേയുണ്ട്
അമ്മ തന്റെ കുഞ്ഞിനെ മറന്നിടിലും
ഞാൻ മറക്കാ എന്നുരച്ച കർത്താവുണ്ട്
1 നെഞ്ചുരുകും നേരമവൻ തഞ്ചം തരും
അഞ്ചിടാതെ നെഞ്ചിലെന്നെ ചേർത്തണയ്ക്കും
ചഞ്ചലമില്ലേശുവെന്റെ നല്ലിടയൻ
വഞ്ചനയോ തെല്ലുമില്ല തന്റെ നാവിൽ
2 ഉറ്റവരൊറ്റിക്കൊടുത്താൽ ഖേദമില്ല
ഉറ്റു സ്നേഹിക്കുന്ന നാഥൻ കൂടെയുണ്ട്
മാറ്റമില്ല തന്റെ സ്നേഹം നിസ്തുല്യമേ
മറ്റു സ്നേഹം മാറിപ്പോകും മർത്യസ്നേഹം
3 അൽപ്പനാളീ ഭൂമിയിലെൻ ജീവിതത്തിൽ
അൽപ്പമല്ലാ ശോധനകൾ നേരിടുകിൽ
അൽപ്പവും തളരുകില്ല ഭീതിയില്ല
ചിൽപുരുഷൻ മാറ്റുമെല്ലാം നന്മയ്ക്കായി
4 കർത്തൃനാമത്തിൽ സഹിക്കും കഷ്ടതകൾ
കർത്തനു പ്രസാദമുള്ളതെന്നറിഞ്ഞ്
സ്തോത്രഗീതം പാടി നിത്യം പാർത്തിടും ഞാൻ
കർത്തൃപാദസേവ ചെയ്തീ പാരിടത്തിൽ