കരുണാസനപ്പതിയ-ദേവദാസരിൻ നിധിയേ
വരികാശിഷം തരുവാൻ-നിന്റെ ദാസരിൻ നടുവിൽ
തിരുസന്നിധി സദാ-പരമാലങ്കാരമേ
1 തിരുനാമത്തിലിരുവർ മൂവർ ചേരുന്ന സഭയിൽ
വരുമെന്ന നിൻ മൊഴിയെ ഞങ്ങൾ ആശ്രയിച്ചിവിടെ
ഇരിക്കുന്നു രക്ഷകാ! വരികാത്മദായകാ;-
2 പരിശുദ്ധ സന്നിധിയിൽ-ബോധവാഴ്വായ് തരിക
പരിചോടടിയാരിപ്പോൾ-ഭയ ഭക്തിയോടിരിപ്പാൻ
പരമാവി ഞങ്ങളെ ഭരണം ചെയ്യേണമേ;-
3 പരമാമൃതമൊഴിയിൻ-മർമ്മമിന്നറിവതിനും
പരമാവിയിൻ നിറവെ-വീണ്ടും പ്രാപിക്കുന്നതിനും
വരമേകുക പരാ! അടിയാർക്കിന്നംബരാ;-
4 സുരലോകമായതിലെ-ആത്മീയാശിസ്സുകളെല്ലാം
പരിപൂർണ്ണമായ് നിറഞ്ഞു-നിന്നിൽ മേവിടുന്നതിനാൽ
ചൊരിക വന്മാരിപോൽ-എളിയ നിൻ ദാസർ മേൽ;-
5 ബലഹീനരാമടിയാർ-ബഹു മന്ദത മയക്കം
പല വീഴ്ചകൾ ഭവിച്ചു-ജീവൻ താണു പോയതിനാൽ
വിലയേറും രക്തത്താൽ-നില മാറ്റി കാക്കുവാൻ;-