1 ആത്മസുഖം പോലെ ഏതു സുഖം പാരിൽ
പരമാത്മസുഖം പോലെ ഏതു സുഖം പാരിൽ
രാജപ്രതാപമോ ജഡസുഖഭ്രാന്തിയോ
മാനസോല്ലാസമോ ആത്മീയനെന്തിന്ന്
2 കുഞ്ഞു തന്റമ്മയിൻ മാർവ്വിൽ വസിക്കുമ്പോൾ
യേശുവിൻ മാർവ്വിലാണാത്മീയ ജീവിതം
താലോലഗാനങ്ങൾ അമ്മ ചൊല്ലും പോലെ
ആത്മീയർക്കാനന്ദം യേശുവിൻ വാത്സല്യം
3 കട്ടിലുമെത്തയും ചാരും തലയിണ
സൗരഭ്യം തൂകുന്ന വാസനാ പൂക്കളും
ചൂടുകുളിർമയും ശോഭന കാഴ്ചയും
ഏകുന്നാമുടിയും യേശുവിൻ വാത്സല്യം
4 ഏകാന്തജീവിത വരപ്രഭാലബ്ധനായി
കൈകൾ തലയ്ക്കു വെച്ചുറങ്ങുമാസാധുവിൻ
ശയ്യയിൽ ദൃശ്യരായി വേറാരുമില്ലെന്നാൽ
കോടാനുകോടി കളദൃശ്യരങ്ങുണ്ടല്ലോ
5 പൈസയൊന്നും കീശയ്ക്കുള്ളിൽ സമ്പാദ്യമായി
വേണ്ടെന്നുറച്ചവൻ യേശുവേപ്പോൽ ധന്യൻ
കീർത്തി സമ്പാദ്യമൊ പണം വട്ടി മേടയൊ
വസ്തു സ്ഥാനാദിയൊ ആത്മീയനെന്തിന്ന്
6 പച്ചിലവർഗമൊ പാകമാം കായ്കളൊ
പച്ചവെള്ളം താനൊ പാചകാഹാരമോ
ഇച്ഛയൊന്നും തീണ്ടാതാത്മീയരാസ്വദി-
ച്ചീടുമ്പോളെന്റെ ആനന്ദം തൂകുന്നു
7 മുട്ടിൽ വണങ്ങിയൊ പാദത്തിൽ നിന്നിട്ടൊ
ദണ്ഡനമസ്കാരം സാഷ്ടാംഗമായിട്ടൊ
പരമാത്മധ്യാനത്തിൽ നിഷ്ഠയുറച്ചവൻ
ചെയ്യുമാരാധന എന്തു മഹാനന്ദം
8 പുസ്തകത്തിൻ മേലോർ പുസ്തകമായതിൽ
സത്യവേദവാക്യം വായിച്ചും ധ്യാനിച്ചും
വിശ്വാസം ആശയ്ക്കും സ്നേഹജീവാവിക്കും
സംതൃപ്തി പ്രാപിക്കും നാളിൽ നാളിൽ ഭക്തൻ
9 നന്മ ചെയ്വാനോടി നാടെങ്ങും ജീവിതം
നൻമയ്ക്കായിത്താൻ ചെയ്തോരേശുവിൻ കാരുണ്യം
ആർദ്രമായുള്ളത്തിൽ ദൈനം ദിനം ജ്വലി-
ച്ചായവൻ പോൽ ജീവിച്ചീടുന്നോർക്കാനന്ദം
10 മാനും മാൻപേടയും പർവതാഗ്രങ്ങളിൽ
തുള്ളിച്ചാടും പോലെ ക്രിസ്തുവും ഭക്തനും
വഴിമദ്ധ്യേ പാടിക്കൊണ്ടേശുവെ സാക്ഷിച്ചു
പരവാസം ചെയ്യുന്നതെന്തു മഹാനന്ദം
11 സെഹിയോന്റെ പൈതലേ നീയതിന്നംശിയായ്-
ത്തീരാതെ ഭൂവിലെ ജീവിതം തീരല്ലെ
ഭൗതിക മൂഢൻമാർ മ്ളേച്ഛരായി മേവുന്ന
ഭ്രമയ സൗഖ്യങ്ങൾ ത്യാജ്യമെന്നോർക്ക നീ
12 ഭൂലോകം വിട്ടുടൻ നക്ഷത്രലോകങ്ങൾ-
ക്കപ്പുറം ചേരുന്നതിപ്രകാരമുള്ളോൻ
ഭൂവിൽ പരദേശി മോക്ഷയാത്രക്കാരൻ
പരമകനാൻ നോക്കി പാരിൽ വസിക്കുന്നു