മനമേ ലേശവും കലങ്ങേണ്ട
മനുവേൽ സകലവുമറിയുന്നു
മന്നിൽ വന്നു പ്രാണനെ തന്നോൻ
കരുതിക്കൊള്ളും നിൻവഴികൾ
1 കടലല കണ്ടുഭ്രമിക്കേണ്ട
കാറ്റാലുള്ളം പതറേണ്ട
കടലിൻമീതെ നടന്നവൻ നിന്നെ
കരുതിക്കൊള്ളും കണ്മണിപോൽ;-
2 മരുവിൽ പൊള്ളും ചുടുവെയിലിൽ
വരളും നാവിനു നീരേകാൻ
മാറയെ മധുരമായ് മാറ്റിയ നാഥൻ
മതി നിൻ സഖിയായീ മരുവിൽ;-
3 അരിനിര മുന്നിൽ നിരന്നാലും
അഭയം തന്നവനിനിമേലും
അല്ലും പകലും തുമ്പമകറ്റി
അമ്പോടു പോറ്റിടുമത്ഭുതമായ്;-
4 യോർദ്ദാൻ തുല്യം ശോധനയും
തീർന്നങ്ങക്കരെയെത്തുമ്പോൾ
പ്രതിഫലം കണ്ടുൾ നിർവൃതികൊള്ളും
പ്രിയനെ കണ്ടുൾപളകം കൊള്ളും;-