1 ആർപ്പിൻ നാദമുയരുന്നിതാ
ഹല്ലേലുയ്യാ, ഹല്ലേലുയ്യാ
മഹത്വത്തിൻ രാജനെഴുന്നെളളുന്നു
കൊയ്ത്തിന്റെ അധിപനവൻ
പോയിടാം വൻ കൊയ്ത്തിനായ്
വിളഞ്ഞ വയലുകളിൽ
നേടിടാൻ വൻലോകത്തേക്കാൾ
വിലയേറുമാത്മാവിനെ (2)
2 ദിനവും നിത്യനരകത്തിലേക്ക്
ഒഴുകുന്നു ആയിരങ്ങൾ
മനുവേൽ തൻ മഹാസ്നേഹം
അറിയാതെ നശിച്ചിടുന്നു;-
3 ഇരുളേറുന്നു പാരിടത്തിൽ
ഇല്ലിനി നാളധികം
ഇത്തിരി വെട്ടം പകർന്നിടാൻ
ഇതാ ഞാൻ, അയയ്ക്കണമേ;-
4 ആരെ ഞാനയക്കേണ്ടു
ആരിനി പോയിടും
അരുമനാഥാ നിന്നിമ്പസ്വരം
മുഴങ്ങുന്നെൻ കാതുകളിൽ;-
5 ഒരു നാളിൽ നിൻ സന്നിധിയിൽ
വരുമേ അന്നടിയാൻ
ഒഴിഞ്ഞ കൈകളുമായ് നിൽപ്പാൻ
ഇടയായ് തീരരുതേ;-