1 മറുദിവസം മറിയമകൻ യറുശലേമിൽ വരുന്നുണ്ടെന്നു
അറിഞ്ഞു ബഹുജനമവനെ എതിരേല്പാൻ പുറപ്പെട്ടുപോയ്
2 ഈത്തപ്പന കുരുത്തോലകൾ ചേർത്തു കൈയിൽ എതിരേറ്റു
ചീർത്തമോദം പൂണ്ടവനെ വാഴ്ത്തി മഹാനന്ദത്തോടെ
3 മന്നവനാം ദാവീദിന്റെ നന്ദനനു ഹോശന്ന!
ഉന്നതങ്ങളിൽ ഹോശന്നാ എന്നട്ടഹസിച്ചു ചൊല്ലി
4 കർത്താവിന്റെ തിരുനാമത്തിൽ വരും ഇസ്രയേലിൻ രാജാവു
വാഴ്ത്തപ്പെട്ടോനാകയെമ്മു ആർത്തവർ കീർത്തിച്ചീടിനാർ
5 കഴുതക്കുട്ടി കണ്ടിട്ടേശു കയറിയതിനേലിരുന്നു
അരുതു ഭയം നിനക്കേതും പരമ സീയീൻ മലമകളേ
6 കണ്ടാലും നിന്മഹിപൻ കഴുതക്കുട്ടിപ്പുറത്തു കേറി-
ക്കൊണ്ടു വരുന്നെന്നെഴുതീട്ടുണ്ടുപോൽ നിവൃത്തിവന്നു
7 പരമനോടു കൂടെ വന്ന പുരുഷാരം മുൻ നടന്നു
മരിച്ചവരിൽ നിന്നവൻ ലാസറിനെ നാലം ദിന മുണർത്തി
8 എന്നു സാഖിപകർന്നിരുന്നാരെന്നതു കേട്ടുടൻ ജനങ്ങൾ
വന്നു മഹാ നന്ദത്തോടെ മന്നവനെ എതിരേറ്റു
9 അരിശം പൂണ്ടു പരീശർ തമ്മിൽ പറഞ്ഞു നമുക്കൊരു ഫലവും
വരുന്നില്ലെന്നു കണ്ടോ ലോകം അവനോടിതാ ചേർന്നു പോയി
10 അഴകിയൊരു മണവാളനേ! കഴലിണയെ കരുതി വന്ന
അഴുകിയാളാം പുഴുവാമെന്നെ കഴുകി നിന്റെ കാന്തയാക്ക