മരത്തിൽ തൂങ്ങി എന്റെ പ്രാണനെ നീ വീണ്ടുവോ!
മരണ കൈപ്പുനീർ നീ എങ്കൽ നിന്നു നീക്കിയോ!
മരണ പാശങ്ങൾ നീ എന്നിൽ നിന്നഴിച്ചുവോ!;
മറക്കാനാവില്ലൊന്നും യേശുവേ എൻ സ്നേഹിതാ(2)
ചേലുള്ള നിന്റെ മുഖമതോ, ചേലില്ലാ വസ്തുപോലായിതോ!
ഊഷ്മളമാം നിന്റെ മേനി ഉഴവുചാൽ പോലോ!
ചോരയിൽ കുതിർന്ന ദേഹവും, ദാഹത്താൽ വലഞ്ഞ ചങ്കതും
തീരെയെൻ ചിന്തകൾക്ക് ഭാരമേകുന്നേ
കാണുന്നോരെല്ലാം നിന്നെ, നീളവേ ശാസിച്ചുവോ!
കാണുവാനാവാത്തതാം, ക്രിയകൾ ഏൽപ്പിച്ചുവോ!
പഴികൾ ഏറെച്ചൊല്ലി പടിയിറങ്ങിയിതോ!
ഒഴിഞ്ഞ പാതയിൽ നീ ഏകനായിതോ!
എങ്കിലുമീ പങ്കപ്പാടുകൾ, ഏകനായി ഏറ്റു ക്രൂശതിൽ
സങ്കടങ്ങളെല്ലാം സഹിച്ചീശൻ എൻ പേർക്കായ്
തങ്കത്തിൻ നിറവും ശോഭയും, തങ്കലുള്ളതിമനോഹരൻ
അങ്കിയില്ലാ മനുജനായി തൂങ്ങി നിൽപ്പിതോ!
നിങ്കലേക്കു നോക്കിയൊരെ, ശങ്കയെന്യേ പാലിപ്പാനായ്
ഇംഗിതം നിറഞ്ഞവനായ്, സ്വന്തത്തെ വെടിഞ്ഞുവോ നീ!
വൻകടങ്ങൾ ആകെ അന്ന് തീർത്തു പൂർണ്ണമായ്!
നിൻ ചരണം പൂകുവാനെൻ ആശയേറുന്നേ