1 വിശുദ്ധിയെ തികച്ചു നാം ഒരുങ്ങിനിൽക്ക-പ്രിയൻ
വരുവതിൽ താമസമേറെയില്ല-തന്റെ
വാഗ്ദത്തങ്ങൾ പലതും നിറവേറുന്നേ ഒരുങ്ങീടാം
2 യുദ്ധങ്ങൾ, ക്ഷാമങ്ങൾ, ഭൂകമ്പം പല-
വ്യാധികളാൽ ജനം നശിച്ചിടുന്നു രാജ്യം
രാജ്യങ്ങളോടെതിർത്തു തുടങ്ങിയല്ലോ ഒരുങ്ങീടാം
3 കൊട്ടാരങ്ങൾ തുടങ്ങി കൊട്ടിൽ വരെ ജനം
കണ്ണുനീർ താഴ്വരയിലല്ലയോ-ഒരു
സ്വസ്ഥതയുമില്ല മനുഷ്യർക്കിഹെ ഒരുങ്ങീടാം
4 ആകാശത്തിൻ ശക്തി ഇളകുന്നതാൽ ഭൂവിൽ
എന്തു ഭവിക്കുമെന്നോർത്തുകൊണ്ട് ജനം
പേടിച്ചു നിർജ്ജീവരായിടുന്നേ ഒരുങ്ങീടാം
5 ബുദ്ധിമാന്മാർ പലർ വീണിടുന്നേ ദൈവ
ശക്തി ത്യജിച്ചവരോടിടുന്നേ ലോക
മോഹങ്ങൾക്കധീനരായ് തീരുന്നതാൽ ഒരുങ്ങീടാം
6 മേഘാരൂഢനായി വന്നിടുമെ പതി-
നായിരം പേർകളിൽ സുന്ദരൻ താൻ തന്റെ
കോമളരൂപം കണ്ടാനന്ദിപ്പാൻ ഒരുങ്ങീടാം
7 മാലിന്യപ്പെട്ടിടാതോടിടുക മണവാളൻ
വരവേറ്റം അടുത്തുപോയി മണിയറയിൽ
പോയി നാം ആശ്വസിപ്പാൻ ഒരുങ്ങീടാം
8 സൂര്യചന്ദ്രാദിയിൽ ലക്ഷ്യങ്ങളും
കടൽ ഓളങ്ങളാൽ പൊങ്ങിടുന്നതിനാൽ-അയ്യോ
ജാതികൾ പരിഭ്രമിച്ചോടിടുന്നേ ഒരുങ്ങീടാം
9 വിശ്വാസത്യാഗം മുൻ നടന്നീടുമേ പലർ
വിശ്വാസം വിട്ടുഴന്നോടീടുമേ കർത്തൻ
വരവിൽ മുൻനടന്നിടും അടയാളങ്ങൾ ഒരുങ്ങീടാം