യേശുവിൻ സ്നേഹമുള്ള സോദരരേ വരുവിൻ
കാണുവിൻ ദേവജാതൻ യോർദ്ദാൻ നദീജലത്തിൽ
നിമജ്ജനം കഴിപ്പാൻ വന്ന ചരിതമോർത്തിടുവിൻ
1 സ്നാപകയോഹന്നാനാൽ സ്നാനം പ്രതിഗ്രഹിപ്പാൻ
ഗാലീല്യനാട്ടിൽ നിന്നു ദൂരത്തു വന്നു നാഥൻ
നമുക്കു മാതൃകയാം തന്നെ തുടർന്നു പോകുക നാം
2 തന്നെത്തടയുന്നിതാ സ്നാപകൻ താഴ്മയോടെ
നിന്നാലടിയൻ സ്നാനമേൽക്കേണ്ടതായിരിക്കെ
അരുമനാഥനെ നീയെന്നരികിൽ വന്നിടുന്നോ
3 യേശു പറഞ്ഞുടനെ ദൈവികനീതികൾക്കു
സാഫല്യമേകിടുവാൻ ഞാനിങ്ങു വന്നിരിപ്പൂ
മറുത്തുചൊന്നിടാതെ സ്നാനം കഴിക്ക സമ്മതമായ്
4 യോഹന്നാനീവചന-മംഗീകരിച്ചതിനാൽ
യേശു മുഴുകിയിതാ യോർദ്ദാൻ നദീജലത്തിൽ
കയറി യേശുനാഥൻ ദിവ്യമഹിമ പൂണ്ടവനായ്
5 വെള്ളിക്കു തോൽവി നൽകും വെള്ളത്തിരയ്ക്കടിയിൽ
കൊള്ളിച്ചു മുൻകഴിഞ്ഞ കൊല്ലങ്ങളാകെയവൻ
പുതിയവേല ചെയ്‌വാൻ താതനരുളി തന്നെയവൻ
6 ഒന്നാം മനുഷ്യനു നാം എന്നേക്കുമായ് മരിച്ചു
വെന്നുള്ള സത്യമഹോ കാട്ടുന്നു കർമ്മമിതു
പുതിയജീവനത്രേ മേലാൽ ഭരണം ചെയ്വു നമ്മെ
7 തന്നോടുകൂടി നാമും ഒന്നായ് മരിച്ചുയിർപ്പാൻ
ഒന്നാം മനുഷ്യനെ നാം യോസേഫിൻ കല്ലറയിൽ
പിടിച്ചു സംസ്കരിപ്പിൻ സ്നാനജലത്തിലാണിടുവിൻ
8 ഭൂമിയിൽ മൂവരല്ലോ സാക്ഷ്യം പറവതോർത്താൽ
ആത്മാവു വെള്ളമതും പിന്നീടു ശോണിതവും
ഇവയിൽ വെള്ളമത്രെ സാക്ഷ്യം വഹിപ്പതിസ്സമയെ
9 ജീർണ്ണമാം നാശജഡം ഭൗമിക കല്ലറയിൽ
സംസ്കാരം ചെയ്തു നമ്മൾ ധൂളിയായ്ത്തീർന്നിടുകിൽ
ഉയിർപ്പിൻകഞ്ചുകത്തെ നമ്മൾ ധരിക്കുമന്ത്യനാളിൽ