സ്തുതി സ്തുതി എൻ മനമേ യേശുവെ
നിന്നെ വീണ്ടെടുത്ത രക്ഷകനെ
സ്തുതി സ്തുതി എൻ മുഴു അന്തരംഗമേ
നിനക്കായവൻ ചെയ്ത നന്മകൾക്കായ്
1 കൊടും പാപിയായ് നടന്ന നിന്നെ
തേടി വന്ന നല്ലിടയനവൻ
സ്വയം മനസ്സോടെ അജം നിനക്കായി
നിണം ചൊരിഞ്ഞുയിരേകാൻ
കുരിശേറി മരിച്ചതുമോർക്ക;- സ്തുതി…
2 പല രോഗങ്ങൾ വന്നപ്പോഴും
പല പീഢകൾ നേരിടിലും
ദയാകരത്താലെ സദാ ബലത്തോടെ
പരാപരൻ നിന്നെ താങ്ങി
സുഖമേകി നടത്തിയതോർക്ക;- സ്തുതി…
3 ജയജീവിതം ചെയ്തിടുവാൻ
അഭിഷേകം ചെയ്തനുഗ്രഹിച്ചു
തിരുവചനത്തെ എഴുതി നിൻ മനസ്സിൽ
പരന്നനുരൂപമായ
പുതു മാനുഷനെ ധരിപ്പിച്ചു;- സ്തുതി...
4 ലോക ജാതികൾക്കില്ലാത്ത
ദിവ്യ സന്തോഷം നൽകിയവൻ
നിനക്കു താതനവൻ അവന്നു നീ സുതനും
അനർഘമീ ദിവ്യഭാഗ്യം
നിനക്കായവനേകിയതോർത്തു;- സ്തുതി...
5 സത്യകൂട്ടായ്മ ഏകിയവൻ
അപ്പോസ്തലരെ നൽകിയവൻ
അനുദിനം ശരിയായ് വളർച്ച നൽകിടുന്ന
മഹത്വമേറിയ ദൂതും
നിനക്കായവനേകിയതോർത്തു;- സ്തുതി..
6 വെറും മൺപാത്രമായയെന്നെ
സ്നേഹിച്ചെന്നുള്ളിലധിവസിച്ചു
തിരുക്കരത്താലെ പിടിച്ചതിനാലെ
സുഭ്രദമായിന്നയോളം
കൃപയ്ക്കുള്ളിലെന്നെ മറയ്ക്കുന്നു;- സ്തുതി…
7 എനിക്കായവനൊരുക്കിടുന്ന
ശോഭയേറും വിൺപൊൻ നഗരം
നിനച്ചിടുന്തോറും പറന്നവിടെത്തി
അനന്തമാം സ്തുതി സ്തോത്രം
പ്രാണനായകനേകുവാനാശ;- സ്തുതി...