ശ്വാസം മാത്രമാണേതു മാനുഷ്യനും-എത്ര
കോശാവസ്ഥ വർദ്ധിച്ചാലും
ശ്വാസം മാത്രമാണേതു മാനുഷ്യനും
1 ലോക സമ്പാദ്യങ്ങൾ വർദ്ധിച്ചാകാശത്തിൻ കീഴിലെങ്ങും
ഏകഛത്രാധിപതിയായ് തീർന്നുവെന്നാലും
ലോകരെല്ലാം കൈകൂപ്പിക്കൊണ്ടാകമാനം സേവിച്ചാലും
പോകുമവനുള്ളശ്വര്യമാകെ അതിവേഗം;- ഒരു ശ്വാസം
2 വിദ്യാബാഹുല്യം കൊണ്ടുയർന്നുദ്യോഗങ്ങൾ ലഭിച്ചാലും
വിദ്വാന്മാരിൽ വച്ചുയർന്ന വിദ്വാനായാലും
വിദ്യ കൊണ്ടാട്ടേറെ കാര്യമിദ്ധരയിൽ സാധിച്ചാലും
വിദ്യകളൊന്നും ഫലിയ്ക്കാമൃത്യുവെ ജയിപ്പാൻ;- ഒരു ശ്വാസം
3 ഗാത്ര ചൈതന്യം കൊണ്ടുത്ര കീർത്തിമാനായ് തീർന്നാലുമാ-
മാത്രയിൽ പൂവിനു തുല്യം മാത്രമാണവൻ
കാറ്റടിച്ചുതിർത്തു സ്ഥലം മാറ്റീടുന്നതുപോൽ
മർത്ത്യനൂറ്റമേറും ഗാത്രശക്തി മാറ്റീടുമതിനാൽ;- ഒരു ശ്വാസം
4 വന്മാളികകൾ സ്ഥാപിച്ചിട്ടുന്മേഷമായ് ജീവിച്ചാലും
ഇമ്മഹി സുഖജീവിതം നിർമ്മൂലമാകും
ആകയാലിവിടം വിട്ടുപോകുവതിനുമുമ്പു നാം
ലോക മാലിന്യങ്ങൾ വിട്ടു നാഗമാർഗ്ഗ പാകാമിനീം;- ഒരു ശ്വാസം
5 പാർത്തലത്തിൽ പണ്ടു പാർത്ത കീർത്തിമാന്മാരെയും കൃമി
ആർത്തിയോടെ തിന്നു തീർത്തതോർത്തിടേണം നാം
കീർത്തിയും സുഖവുമൊരു മാത്രയിലില്ലാതെയാക്കാൻ
കാത്തു നില്ക്കുന്നു മൃതിയാം ശത്രുവനാരതം;- ഒരു ശ്വാസം
6 പാർത്തലത്തിൻ സൗഭാഗ്യങ്ങൾ ചേർത്തുകയ്യിൽ പിടിച്ചുകൊ
ണ്ടാർത്തമോദം മൃത്യുപെട്ട മർത്ത്യനാരുള്ളു
മൃത്യു വന്നടിക്കുമ്പോൾ ഭൂ സ്വത്തുക്കൾ കൈവെടിഞ്ഞു നൽ
മെത്തയിൻ വാസവും വിട്ടു ചത്തഴിഞ്ഞീടുന്നു മണ്ണിൽ;- ഒരു ശ്വാസം
7 നിത്യ സ്വത്താം ക്രിസ്തേശുവെ ചിത്തത്തിൽ കൈക്കൊണ്ടിട്ടി
ങ്ങുത്തമ ഭക്തരായ് പാർക്കാം മൃത്യു നാളോളം
ക്രിസ്തു മാത്രം മതി നമുക്കുത്തമസമ്പത്താണവൻ
മൃത്യുവെ ജയിച്ചുയർത്തു നിത്യവും ജീവിയ്ക്കുന്നു താൻ;- ഒരു ശ്വാസം
ഓടിവാ കൃപയാം നദി : എന്ന രീതി