1 ശാലോമിയേ! വരികെന്റെ പ്രിയേ!
ചേലെഴും സ്വർലോക സുന്ദരിയേ!
മാലൊഴിക്കും നിന്റെ പ്രേമരസം വഴി
ഞ്ഞാലപിപ്പിക്കുന്നെൻ ചുണ്ടുകളെ മമ
2 താതനഹോ തനിക്കുള്ളവരെ
ലോകരിൽ നിന്നു പിരിച്ചിടുന്നു
ആകയാൽ തന്നുടെ വാചമനുസരിച്ചാ-
യവരിൽനിന്നു വേഗമകന്നു നീ
3 ദേവകളോടുളള സഖ്യമിച്ഛിച്ചാനോക്കു
വിട്ടു തൻ സ്നേഹിതരെ
ദ്യോവിലേക്കായവൻ പോകുന്നതിൻ മുമ്പ്
ദൈവപൂമാനെന്നെ സാക്ഷ്യം ലഭിച്ചിതു
4 നോഹ മുതലായ സാത്വികന്മാരേകമായ്
നിന്നു പൊരുതതിനാൽ
ലോകമവർക്കിങ്ങു യോഗ്യമായ് വന്നതി
ല്ലായ്കിലും ദിവ്യസമ്പത്തവർക്കുണ്ടതാൽ
6 മാതാ, പിതാ, നിലം, ബന്ധുജനം,
സോദരീ, സോദരർ, ഭാര്യ, മക്കൾ,
ആടുകൾ, മാടുകളാദിയാം സ്വത്തൊടു
ജീവനും കൈവെടിഞ്ഞാടൽ കൂടാതെ നീ
6 മാളികവീടുകൾ ഗോപുരങ്ങൾ
മേളമെഴുന്ന ദേവാലയങ്ങൾ
കോളേജ്കളോടു യൂണിവേഴ്സിറ്റിയു-
മേതുമേ നോക്കാതെ പോരികെൻ നായികെ;-
7 ബാങ്കുകൾ ചിട്ടികൾ കമ്പനികൾ
തിങ്കുചെയ്യും കളി, ഘോടതികൾ
ജിംനേഷ്യമോടഥ നാടകശാലകൾ
എന്നിവയോർത്തു നീ താമസിച്ചീടല്ലേ;-
8 വേഷവിശേഷങ്ങളാഭരണം ജാതികൾ-
ക്കൊത്ത ദുരാചരണം
ദൂരീകരിക്ക നീ സോദരപൂരണം
സാധിച്ചിടും കപടാത്മികധാരണം
9 കണ്ണുകൾ മോഹം ജഡത്തിൻമോഹം,
ജീവനത്തിന്റെ പ്രതാപമിവ
ഒന്നും പിതാവിൽനിന്നല്ലിതു ലോകത്തിൽ
നിന്നുതന്നെയിവയെല്ലാ മൊഴിഞ്ഞുപോം
10 വാമേ! ലെബാനോനെ വിട്ടുടനേ
ക്ഷേമമായ് പോരിക നാട്ടിലേക്ക്
പ്രേമമുള്ളോരമാനാമുകളും ശേനീർ
ഹെർമ്മോൻ മുടികളും വിട്ടുതരിക നീ
11 ലോകവെയിലാറി തീർന്നിടുമ്പോൾ
മൂറിൻ മലമേൽ ഞാൻ വിശ്രമിപ്പാൻ
സിംഹഗുഹകളും പുള്ളിപ്പുലികളിൻ
പർവ്വതവും വിട്ടു പോരിക നീ ശുഭേ!
12 ദിവ്യമായുള്ള മണവറയെ ദൈവം-
നമുക്കായൊരുക്കുമയേ!
ദ്യോവിൽ ലഭിക്കുമീ വാസസ്ഥലത്തു
നാം മേവുമനവധി മോദമോടെന്നുമേ
13 കെട്ടിയടച്ചുള്ള തോട്ടമേയെൻ
മുദ്രയിട്ടുള്ള ജലാശയമേ
വറ്റിടാതുള്ള നിൻ പ്രേമവെള്ളങ്ങളിൽ
മുറ്റും ലയിച്ചു രമിപ്പെൻ സദാപി ഞാൻ