സ്തോത്രം സദാ പരനേ – തിരുനാമം
വാഴ്ത്തിപ്പുകഴ്ത്തിടും ഞാൻ
ധാത്രിയിലെ മർത്ത്യഗോത്രമശേഷമായ്
കീർത്തിക്കും നിന്നുടെ കീർത്തിയെഴും നാമം
1 സംഖ്യയില്ലാ ഗണങ്ങൾ സദാ തവ
സന്നിധി തന്നിൽ നിന്നു
പങ്കമകന്ന നിൻ തങ്കനാമം വാഴ്ത്തി
സങ്കടമെന്യേ സംസേവ ചെയ്യുന്നവർ
2 ജീവനറ്റോരുലകമിതിന്നു നിൻ
ജീവനരുളിടുവാൻ
ദ്യോവിൻ മണിവിളക്കായിരുന്നുള്ള നിൻ
പാവന സൂനുവെ ഭൂവിലയച്ചതാൽ
3 വിശ്വസ്ത നായകാ! നീ
ന്നത്യന്തമാമൈശ്വര്യ കാരുണ്യങ്ങൾ
ക്രിസ്തുവിൽ വ്യാപരിപ്പിച്ചവണ്ണം നിജ
ദത്താവകാശത്തിൻ പുത്രർക്കും നൽകി നീ
4 സ്വർഗ്ഗം ഭൂവനതല മിവയിലെ
വർഗ്ഗമെല്ലാം പിന്നെയും
ക്രിസ്തുവിലൈക്യപ്പെടുത്തും വ്യവസ്ഥ നിൻ
ശുദ്ധിമാന്മാർക്കറിയിച്ചുകൊടുത്തു നീ
5 സ്വർലോകസംബന്ധമാ-
മാശിസ്സുകളെല്ലാറ്റിനാലും ഭവാൻ
ചൊല്ലെഴും പുത്രനിലാശീർവ്വദിച്ച നിൻ
നല്ല നാമമെന്നും ചൊല്ലി വാഴ്ത്തിടുവിൻ