ഉരയ്ക്കുന്നു സഹോദരാ നിനച്ചിടിൽ എന്റെ വാസം
നിരന്തരം ദൈവത്തിന്റെ വാൻ കൃപയിൽ
ഒരിക്കൽ ഞാൻ പാപിയായി നടന്നൊരു കാലം വിട്ടു
ഒരിക്കലും പിരിയാത്ത കൃപയിൽ ചേർന്നു
1 ചെറുപ്പത്തിൽ ചെയ്തു പോയ ചെറിയതും വലിയതും
അസംഖ്യമാം പാപമെല്ലാം ക്ഷമിച്ചു ക്രിസ്തു
കഴുകി തൻ ചോരയാലെൻ ദേഹവും ദേഹി ആത്മം
മുഴുവനും വിശുദ്ധമാം മന്ദിരമായ്
2 ഇന്ന് ഞാൻ നടക്കുന്നു ദൈവത്തിൻ വചനത്താൽ
അതിലുള്ള ന്യായമെല്ലാം എനിക്ക് പ്രീയം
ഉണർന്നിടും നേരമെല്ലാം ഉറങ്ങുന്ന വേളയിലും
ഉയരുന്നു എൻ മനസ്സിൽ തിരുവചനം
3 അശുദ്ധമാം പാതകളിൽ ജഡത്തിന്റെ മോഹങ്ങളിൽ
രഹസ്യമാം ശോധനകൾ എതിർത്തിടുമ്പോൾ
കരുണാമയനേശുവിന്റെ പവിത്രമാം വാക്യമെന്റ
പരിശുദ്ധ ജീവിതത്തിനുതവി നൽകും
4 അനുദിനം വന്നുപോകും ബലഹീനവശങ്ങളിൽ
അവിടുത്തെ പാദപീഠം എനിക്കഭയം
അനുതാപകണ്ണുനീരിൽ മുഴുകി ഞാൻ കേണിടുമ്പോൾ
കനിവുള്ള യേശു മാത്രം എനിക്ക് ഗുരു
5 അകതാരിൽ വേറെയില്ല അഭിലാഷമീയുലകിൽ
അനശ്വരഗേഹമതിൽ എന്നു പൂകീടും
മായയാമീയുലകിൻ മോടിയാം കൈകളെന്നെ
മാടിമാടി വിളിച്ചാലും ചായുകില്ലല്ലോ
6 ഒന്നു ഞാൻ യാചിക്കുന്നു നിങ്ങളിൽ ഓരോരുത്തർ
എന്നെയും പ്രാർത്ഥനയിൽ ഓർത്തുകൊള്ളേണം
എന്നവൻ വന്നിടുമോ എന്നു ഞാൻ മരിക്കുമോ
അന്നുവരെ എന്റെ നില കാത്തു കൊള്ളുവാൻ